കോട്ടയം: “അച്ഛനു ഞാനും എനിക്ക് അച്ഛനുമല്ലേയുള്ളൂ. പഠിച്ച് ജോലി വാങ്ങി അച്ഛനു താങ്ങായി മാറണം...” പങ്ങട എസ്എച്ച് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി എയ്ഞ്ചല്‍ പൊന്നുവിനു പറയാന്‍ ഇതേയുള്ളൂ. കഴിഞ്ഞ ദിവസം ദീപിക കളര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു എയ്ഞ്ചല്‍. പിച്ചവച്ചെന്ന പോലെ നടന്ന് പതിയെ ജീവിതത്തിനു നിറം നല്കി തുടങ്ങുകയാണ്. നടക്കുമോയെന്ന് ഉറപ്പില്ലാതിരുന്നിടത്തുനിന്നു പതിയെ നടന്നു തുടങ്ങിയിട്ട് ഒരുമാസം ആയതേയുള്ളൂ.
ആറുമാസം മുമ്പാണ് ഏറ്റുമാനൂര്‍ പട്ടിത്താനത്തുണ്ടായ വാഹനപകടത്തില്‍ പയ്യപ്പാടി തൈപ്പറമ്പില്‍ അജേഷ് ടി. മത്തായിയും ഭാര്യ അജിതയും മക്കളായ ഏബലും എയ്ഞ്ചലും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. ഉപരിപഠനത്തിനായി ഏബലിനെ എറണാകുളത്തെ ഹോസ്റ്റലിലാക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അജിതയും ഏബലും ചികിത്സയിലിരിക്കേ മരിച്ചു. അപകടത്തില്‍ എയ്ഞ്ചലിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
‘ആന്റിയമ്മ’ എന്ന് എയ്ഞ്ചൽ വിളിക്കുന്ന പിതാവിന്റെ സഹോദരി അജിത ജോയിയാണ് എയ്ഞ്ചലിനെ പരിചരിച്ചിരുന്നത്. നടന്നുതുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ടു. ഗുരുതരമായി പരിക്കേറ്റു. പ്രിയപ്പെട്ടരെ നഷ്ടപ്പെട്ടു. പക്ഷേ, എയ്ഞ്ചലിനെ ഒറ്റയ്ക്കാക്കാതെ അധ്യാപകരും സഹപാഠികളും ഒപ്പമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ക്ലാസ് ടീച്ചര്‍ റാണി ജോണും സഹപാഠികളും എയ്ഞ്ചലിനെ സന്ദര്‍ശിച്ചും ജന്മദിനത്തില് കേക്കുമായി എത്തിയും അവര്‍ എയ്ഞ്ചലിനെ ചേര്‍ത്തുപിടിച്ചു.
ചവിട്ടുനാടകം, മാര്‍ഗംകളി, ഒപ്പന ഇങ്ങനെ പാട്ടിലും നൃത്തത്തിലും ഏറെ സജീവമാണ് എയ്ഞ്ചലെന്ന് സ്കൂളിന്റെ പ്രധാനാധ്യാപക മെര്ലിന് ഫിലിപ്പ് പറയുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഏയ്ഞ്ചലിന്റെ പഠനസഹായത്തിനായി പങ്ങട സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും മാനേജ്മെന്റും ചേര്‍ന്ന് തുക സമാഹരിച്ച് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രധാനാധ്യാപക പറഞ്ഞു.